കൊച്ചി: മൂന്നു ദിവസമായി തുടരുന്ന മഴ ജില്ലയില്‍ ശക്തിപ്രാപിക്കുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലും തീരദേശം കടലാക്രമണ ഭീതിയിലുമാണ്. കിഴക്കന്‍ മേഖലയില്‍ മഴ തുടരുന്നു. മൂവാറ്റുപുഴയിലെയും കൊച്ചിയിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.പെരിയാറില്‍ ജലനിരപ്പ് മുന്നറിയിപ്പുനില പിന്നിട്ടു. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ഷട്ടറുകളും ഇന്നലെ വൈകിട്ടോടെ ഉയര്‍ത്തി.
കടലാക്രമണത്തെ തുടര്‍ന്ന് ചെല്ലാനത്ത് താത്കാലികമായി നിര്‍മിച്ച ജിയോ ബാഗ് സംരക്ഷണ ഭിത്തികള്‍ തകര്‍ന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
ശക്തമായ മഴയില്‍ ജില്ലയില്‍ ഒരു വീടിന് പൂര്‍ണമായും മറ്റൊരു വീടിന് ഭാഗികമായും കേടുപാടുകള്‍ സംഭവിച്ചു. ആലുവ താലൂക്കിലെ ഒരു കടമുറിക്ക് ഭാഗിക നാശനഷ്ടമുണ്ടായി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
കിഴക്കന്‍ മേഖലയില്‍ വ്യാപക നാശം
കനത്ത മഴയില്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മണ്ണിടിച്ചിലും വ്യാപക കൃഷി നാശവും. വാഴക്കുളം മേഖലയില്‍ പത്തോളം വീടുകള്‍ക്ക് മണ്ണിടിച്ചിലില്‍ നാശം സംഭവിച്ചു. നേര്യമംഗലത്ത് രണ്ട് വീടുകളുടെ സംരക്ഷണ ഭിത്തികള്‍ തകര്‍ന്നു. മണികണ്ഠന്‍ചാല്‍ ചപ്പാത്ത്, കുത്തുകുഴി, കുടമുണ്ടപാലം എന്നിവ വെള്ളത്തില്‍ മുങ്ങി. ജലനിരപ്പ് ഉയര്‍ന്നതോടെ ബ്ലാവന കടത്ത് താത്കാലികമായി നിർത്തിവച്ചു. ശക്തമായ കാറ്റില്‍ കിഴക്കന്‍ മേഖലയില്‍ വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. മൂവാറ്റുപുഴയില്‍ 200ഓളം വീടുകളില്‍ വെള്ളം കയറി.
കടലാക്രമണ ഭീതിയില്‍ തീരദേശം
മഴ കനത്തതോടെ കടലാക്രമണ ഭീതിയിലാണ് ജില്ലയുടെ തീരദേശം. ചെല്ലാനം പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് താത്കാലികമായി നിര്‍മിച്ച ജിയോ ബാഗ് സംരക്ഷണ ഭിത്തികള്‍ തകര്‍ന്നത്. ചെല്ലാനം ചെറിയകടവ്, കണ്ണമാലി റോഡുകളിലും പ്രദേശത്തെ വീടുകളിലും വെള്ളം കയറി. ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മിക്കാത്ത തെക്കേ ചെല്ലാനത്തും കടലാക്രമണ ഭീഷണിയുണ്ട്. ഇവിടെ താത്കാലിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലും ഇത്തവണ ചെയ്തിട്ടില്ല. ചെറിയകടവിലും കണ്ണമാലിയിലും പ്രധാന റോഡു വരെ കടല്‍ വെള്ളമെത്തി. വൈപ്പിന്‍ മേഖലയും വെള്ളപ്പൊക്ക ഭിതിയിലാണ്. മഴയെത്തുടര്‍ന്ന് കാലാവസ്ഥ പ്രതികൂലമായതോടെ പ്രദേശത്തുനിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ പലതും ഇന്നലെ വൈകിട്ടോടെ മടങ്ങിയെത്തി.
പെരിയാര്‍ കരകവിഞ്ഞു
കനത്ത മഴയില്‍ പെരിയാര്‍ കരകവിഞ്ഞു. ഇതോടെ ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിലായി. ഇന്നലെ വൈകിട്ട് ആറിന് പെരിയാറിലെ ജലനിരപ്പ് മാര്‍ത്താണ്ഡവര്‍മ പോയിന്റില്‍ 3.53 മീറ്റര്‍ ആണ്. മുന്നറിയിപ്പ് നിരപ്പ് 3.190 മീറ്റര്‍ ആണ്. കാലടി പോയിന്റില്‍ 6.77 മീറ്ററും മംഗലപ്പുഴ പോയിന്റില്‍ 3.44 മീറ്ററുമാണ് ജലനിരപ്പ്.
കൊച്ചി നഗരത്തില്‍ ഇടവിട്ടുള്ള മഴ നഗരത്തിനുള്ളിലെ ഇടറേഡുകളെ വെള്ളത്തിലാക്കി. ഇത് ഗതാഗതക്കുരുക്കിന് കാരണമായി. ജനവാസമേഖലകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ആലുവ, അങ്കമാലി, പെരുമ്പാവൂര്‍. ആലങ്ങാട് മേഖലകളില്‍ കൃഷിനാശവും സംഭവിച്ചിടുണ്ട്.
മഴ കനക്കുന്നു... ജാഗ്രത വേണം
കൊച്ചി: ജില്ലയുടെ കിഴക്കന്‍ മേഖലയിലടക്കം ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ദുരന്തനിവാരണ അഥോറിറ്റി. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്.
ഇത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം.
ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
പ്രത്യേക ശ്രദ്ധയ്ക്ക്
മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ക്യാമ്പുകളിലേക്ക് മാറണം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
മഴയുടെ സാഹചര്യത്തില്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍ പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്. യാത്രകള്‍ പരമാവധി ഒഴിവാക്കുക. മഴ മുന്നറിയിപ്പ് മാറുന്നത് വരെ വിനോദ യാത്രകളും ഒഴിവാക്കുക.
ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലും അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലൂടെയുമുള്ള യാത്രകളില്‍ ജാഗ്രത പാലിക്കുക. തീരപ്രദേശത്ത് കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക. വെള്ളക്കെട്ടുകളില്‍ ഇറങ്ങരുത്.
അടിയന്തര സാഹചര്യങ്ങളില്‍ 1077, 1070 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.